ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
സ്റ്റാന്‍റിംഗ് കമ്മിറ്റികൾ (വകുപ്പ് 162, 162 എ)
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം പ്രകാരം ഓരോ പഞ്ചായത്തിനും താഴെ പറയും പ്രകാരം സ്റ്റാന്റിംഗ് കമ്മിറ്റികൾ നിലവിലുണ്ട്. വികസന-ക്ഷേമ-അടിസ്ഥാന സൗകര്യമേഖലകളിലെ ഈ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും സമയബന്ധിതമായും നിർവ്വഹിക്കുന്നതിന് പഞ്ചായത്തിനുള്ള പിന്തുണാ സംവിധാനമാണ് സ്റ്റാന്‍റിംഗ് കമ്മിറ്റികൾ.
പഞ്ചായത്ത് ഏതൊരു വിഷയത്തെ സംബന്ധിച്ചും തീരുമാനം എടുക്കും മുൻപ് സൂക്ഷമായും വിശദമായും പരിശോധിക്കണം. ഈ പരിശോധന അതത് സ്റ്റാന്‍റിംഗ് കമ്മിറ്റികളാണ് ആദ്യം നടത്തേണ്ടത്. സ്റ്റാന്‍റിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച നടത്തി തിരുമാനമെടുത്ത ശേഷമായിരിക്കണം വിഷയങ്ങൾ അജണ്ടയായി പഞ്ചായത്ത് യോഗത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇപ്രകാരം ഉൾപ്പെടുത്തിയ ഒരു വിഷയത്തെ സംബന്ധിച്ച് പഞ്ചായത്ത് ഒരു തീരുമാനം എടുത്താൽ ആ തീരുമാനം കാര്യക്ഷമമായി നടപ്പാക്കുന്നു എന്നുറപ്പുവരുത്തേണ്ട ചുമതലയും ബന്ധപ്പെട്ട സ്റ്റാൻറിംഗ് കമ്മിറ്റികൾക്ക് ഉണ്ട്. സ്റ്റാന്‍റിംഗ് കമ്മിറ്റി പാസാക്കുന്ന പ്രമേയങ്ങൾ പഞ്ചായത്തിന്‍റെ അടുത്ത യോഗത്തിൽ വയ്ക്കണം. ആവശ്യമെങ്കിൽ മാറ്റം വരുത്താൻ പഞ്ചായത്തിന് അധികാരമുണ്ട്. എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിലും സെക്രട്ടറി പങ്കെടുക്കേണ്ടതും മിനിട്‌സും തീരുമാനങ്ങളും രേഖപ്പെടുത്തുന്നതിനാവശ്യമായ സംവിധാനം ഏർപ്പെടുത്തേണ്ടതുമാണ്.
സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ഘടന
ജനപ്രതിനിധികൾ മാത്രമാണ് സ്റ്റാന്‍റിംഗ് കമ്മിറ്റികളിലെ അംഗങ്ങൾ. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഒഴികെയുള്ള എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്.
ഒരംഗം ഒന്നിൽ കൂടുതൽ സ്റ്റാന്‍റിംഗ് കമ്മിറ്റികളിൽ അംഗമായിരിക്കുന്നതല്ല.
ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലും ഒരു വനിതാ അംഗം നിർബന്ധമായും ഉണ്ടായിരിക്കണം.
പ്രസിഡന്റ് എല്ലാ സ്റ്റാന്റിംഗ്കമ്മിറ്റികളിലും വോട്ടവകാശമില്ലാത്ത എക്‌സ് ഒഫീഷ്യോ അംഗമാണ് എന്നാൽ വൈസ് പ്രസിഡന്‍റ് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ വോട്ടവകാശമുള്ള എക്‌സ് ഒഫീഷ്യോ അംഗവും ചെയർപേഴ്‌സണുമായിരിക്കണം. (സെക്ഷൻ 162(6))
സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും
പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും എല്ലാ അംഗങ്ങൾക്കും നൽകുന്നതിന്റെ ഭാഗമായാണ് എല്ലാവരെയും ഏതെങ്കിലും സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ഭാഗമാക്കുന്നത്. പഞ്ചായത്തിനാണ് ചുമതലകളുള്ളത്. ഏതെങ്കിലും വ്യക്തിക്കോ കമ്മിറ്റിക്കോ അല്ല. പഞ്ചായത്തിനുള്ള ചുമതലകൾ നിറവേറ്റുന്നതിന് ഒട്ടേറേ സംവിധാനങ്ങൾ ഭരണ സംവിധാനത്തിനകത്ത് ഉൾകൊള്ളിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റാന്‍റിംഗ് കമ്മിറ്റികൾ. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള മുഴുവൻ ചുമതലകളും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികൾക്കായി വിഭജിച്ച് നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്ത് അതിന്റെ ചുമതലകൾ നിറവേറ്റേണ്ടത് വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികളിലൂടെയാണ്. സ്റ്റാന്‍റിംഗ് കമ്മിറ്റികൾ സ്വതന്ത്ര സംവിധാനങ്ങൾ അല്ല. അവയ്ക്ക് സ്വതന്ത്ര അധികാരങ്ങളും ഇല്ല. പഞ്ചായത്തിനുവേണ്ടി, നിയമപ്രകാരം നൽകപ്പെട്ട ചുമതലകൾ ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയും നിർവ്വഹിക്കുമ്പോൾ ഭരണ സംവിധാനം കാര്യക്ഷമമാകുന്നു, പങ്കാളിത്തവും വികേന്ദ്രീകരണവും സംജാതമാകുന്നു.
സ്റ്റാന്‍റിംഗ് കമ്മിറ്റികൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പഞ്ചായത്തിന്‍റെ അടുത്ത യോഗത്തിൽ അവതരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ തീരുമാനങ്ങളിൽ ഭേദഗതി ചെയ്യാൻ പഞ്ചായത്തിന് അധികാരമുണ്ട്. (1994- ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 162എ(3)1.
സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ യോഗങ്ങൾ (2000 ലെ കേരള പഞ്ചായത്ത് രാജ്(സ്റ്റാൻ്റിംഗ് കമ്മിറ്റി) ചട്ടങ്ങൾ)
ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു പ്രാവശ്യം യോഗം ചേരണം.
ചെയർപേഴ്‌സൺ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും പഞ്ചായത്ത് ഓഫീസിൽ വെച്ച് യോഗം ചേരേണ്ടതാണ്.
പഞ്ചായത്തിന്‍റെ ചുമതലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അതത് സ്റ്റാന്‍റിംഗ് കമ്മിറ്റി പരിഗണിക്കേണ്ടത്. വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റികൾ ഒരേ വിഷയത്തിൽ പരസ്പരവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്ന സംഗതിയിൽ ആയത് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് നൽകേണ്ടതാണ്.
യോഗത്തിന്റെ ക്വാറം മൂന്ന് ആയിരിക്കുന്നതാണ്. എന്നാൽ വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം നാലോ അതിൽ കുറവോ ആണെങ്കിൽ ക്വാറം രണ്ട് ആയിരിക്കുന്നതാണ്.
അജണ്ട വിഷയങ്ങളിലുള്ള തീരുമാനം ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ട് പ്രകാരം.
അധ്യക്ഷന് കാസ്റ്റിംഗ് വോട്ട് ഉണ്ടായിരിക്കുന്നതാണ്.
യോഗ തീയതിയും അജണ്ടാ വിഷയങ്ങളും എക്‌സ് ഒഫീഷ്യോ അംഗമായ പ്രസിഡന്റിനെ അറിയിക്കണം; നോട്ടീസ് ബോർഡിലും പ്രസിദ്ധപ്പെടുത്തണം.
സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ തീരുമാനം സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് നിശ്ചയിച്ചിട്ടുള്ള അംഗങ്ങളുടെ പകുതിയിലധികംപേരുടെ പിന്തുണയോടെയുള്ള പ്രമേയം മുഖേന പ്രത്യേകം വിളിച്ചുചേർക്കുന്ന യോഗത്തിലൂടെ മാത്രം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരം ഭേദഗതി മൂന്നുമാസത്തിനകം നടത്തേണ്ടതാണ്.
പ്രാദേശിക സര്‍ക്കാരുകളുടെ ചുമതലാ നിർവ്വഹണത്തിൽ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ പങ്ക് നിർണായകമാണ്. സ്റ്റാന്‍റിംഗ് കമ്മിറ്റികൾ അവയ്ക്ക് നൽകിയിട്ടുള്ള ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിച്ചാൽ മാത്രമേ പ്രാദേശികഭരണ നിർവ്വഹണം ഫലപ്രദവും യുക്തിഭദ്രവും ശാസ്ത്രീയവുമാകൂ.
ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി പരിഗണിക്കേണ്ട വിഷയങ്ങൾ
പട്ടികജാതി-പട്ടികവർഗ്ഗ വികസനം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യ ക്ഷേമം, സാമൂഹ്യ സുരക്ഷാ പ്രവർത്തനം, ചേരി പരിഷ്കരണം, ദാരിദ്ര്യ നിർമ്മാർജനം, പൊതുവിതരണ സമ്പ്രദായം.
ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി അംഗങ്ങൾ
ചെയര്‍പേഴ്സൺ - ശ്രീമതി. ജസ്ന വി , മെമ്പര്‍ വാര്‍ഡ് -14 നല്ലാണി
അംഗങ്ങള്‍
ശ്രീ. എ കെ സതീശൻ, മെമ്പര്‍ വാര്‍ഡ് - 06 എളമ്പാറ
ശ്രീമതി . ഷീന കെ വി , മെമ്പര്‍ വാര്‍ഡ് - 16 പനയത്താംപറമ്പ്
ശ്രീ. പി ബാബു, മെമ്പര്‍ വാര്‍ഡ് - 04 തെരൂ൪ പാലയോട്