ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിച്ചിരുന്ന വലിയൊരു ജനസഞ്ചയം 1950-കള്‍ക്കു മുമ്പുവരെ നാടിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ തന്നെ കീഴല്ലൂര്‍ പ്രദേശത്തുമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള അവകാശം, കുട്ടികള്‍ക്ക് ആഗ്രഹിക്കുന്ന പേരിടാന്‍ പോലുമുള്ള അവകാശം മുതലായവ പോലും നിഷേധിക്കപ്പെട്ടിരുന്നു. കൃഷിയും, കന്നുകാലി വളര്‍ത്തലും, പരമ്പരാഗത കുടില്‍ വ്യവസായങ്ങളുമായിരുന്നു കീഴല്ലൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ മുഖ്യ തൊഴില്‍. സമ്പന്ന നാടുവാഴി ഭൂപ്രഭുക്കന്മാരുടെ അധീശത്വത്തെ ചോദ്യം ചെയ്ത ചരിത്രം ഈ നാടിനുണ്ട്. മതം, ജാതി, സമുദായവ്യവസ്ഥിതി എന്നിവയെല്ലാം ജനജീവിതത്തിലും, അവരുടെ ഭാഷയില്‍പ്പോലും പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. വളറണ്ടറക്കാവ്, നല്ലാണിക്കാവ്, തലക്കോട്ക്കാവ്, തുടങ്ങിയ കാവുകള്‍ പേരും പെരുമയും ഏറെ പഴക്കവുമായി ഇന്നും നിലനില്ക്കുന്നു. അരകൊട്ടിയൂര് എന്നറിയപ്പെടുന്ന എടയന്നൂരിലെ ആല്‍ത്തറ വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ആല്‍ത്തറയും, ആല്‍മരവും ഹിന്ദുക്കളുടെ പ്രധാന ആരാധനാകേന്ദ്രമാണ്. കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലെ വൈശാഖോത്സവത്തോടനുബന്ധിച്ചുള്ള ഇളനീരെടുപ്പാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. ആലിന്റെ കീഴില്‍ എന്നറിയപ്പെടുന്ന ഇവിടേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ജനങ്ങള്‍ ഉത്സവങ്ങളില്‍ പങ്കെടുക്കാനും വാണിജ്യത്തിനുമായി എത്തിച്ചേരാറുണ്ടായിരുന്നു. ഇവിടെ സന്ദര്‍ശിച്ചാല്‍ കൊട്ടിയൂര്‍ സന്ദര്‍ശിച്ചതിന്റെ പകുതി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. പേരാവൂരിലെ പുരാതനമായ കുത്താമ്പേത്ത് ഭഗവതി ക്ഷേത്രവും, ചാലില്‍ ഭഗവതി ക്ഷേത്രവും പുലിതെയ്യം എന്ന അപൂര്‍വ്വ തെയ്യക്കോലങ്ങള്‍ കൊണ്ടു വളരെ പ്രസിദ്ധമാണ്. തെരൂരിലുള്ള പോതിയോട് ഭഗവതി ക്ഷേത്രം, മുച്ചിലോട് ഭഗവതിയുടെ തെയ്യക്കോലം കൊണ്ടും, ഗണപതി ക്ഷേത്രം ഉത്സവരീതി കൊണ്ടും പ്രത്യേകത വച്ചു പുലര്‍ത്തുന്നവയാണ്. കുന്നത്തൂര്‍പാടി മൂലസ്ഥാനമായി ആരാധിക്കപ്പെടുന്ന മൂത്തപ്പന്‍, തിരുവപ്പന കെട്ടിയാട്ടങ്ങള് എന്നിവ മഠപ്പുരകള്‍ക്കു പുറമേ വീടുകളിലും കെട്ടിയാടപ്പെടുകയും ഹൈന്ദവ സമുദായത്തിന്റെ ആരാധനാപാത്രങ്ങളാകുകയും ചെയ്തിട്ടുണ്ട്. കീഴല്ലൂരിലെ കല്ലിക്കണ്ടി മഠപ്പുര, എടയന്നൂരിലെ മഞ്ഞക്കുന്ന് മഠപ്പുര എന്നിവയാണ് പഞ്ചായത്തിലുളള പ്രധാന മഠപ്പുരകള്‍. എട്ടില്ലം നമ്പൂതിരിമാരുടെ ഊരായ്മയിലായിരുന്നു തെരൂര്‍ മഹാദേവക്ഷേത്രം, കീഴല്ലൂര്‍ ശിവക്ഷേത്രം, പേരാവൂര്‍ കണ്ടൊത്ത് ശ്രീകൃഷ്ണ ക്ഷേത്രം, എളമ്പാറ ഭഗവതി ക്ഷേത്രം, ഗോവിന്ദാംവയല്‍ മഹാവിഷ്ണുക്ഷേത്രം തുടങ്ങിയവ. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് എടയന്നൂരിലെ ജൂമാമസ്ജിദ്. നബിയുടെ സഹാബിയെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മഹാന്റെ മഖ്ബറ ഇവിടെ സ്ഥിതിചെയ്യുന്നു. ഇത് മുസ്ലീങ്ങളുടെ ഒരു പ്രധാനതീര്ഥാടനകേന്ദ്രമാണ്. കാവുകളിലും, ക്ഷേത്രങ്ങളിലും നടക്കുന്ന തിറകള്‍, തെയ്യങ്ങള്‍, കളിയാട്ടങ്ങള്‍, വയല്ത്തിറകള്, എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. കൂടാതെ ആടി വേടന്, കോതാമൂരി, കേളിയാട്ടം തുടങ്ങിയ ദൈവിക പരിവേഷമുള്ള കലകളും, വാള് എഴുന്നള്ളത്ത്, നെയ്യമൃത് എഴുന്നള്ളത്ത് തുടങ്ങിയ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും ഇവിടെ നിലനിന്നിരുന്നു. കണ്ണേറ്റുപാട്ട്, തോറ്റംപാട്ട് മുതലായവ പിന്നാക്ക സമുദായങ്ങളുടെ ഉപജീവന മാര്ഗ്ഗങ്ങളുമായിരുന്നു. ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന തിരണ്ടുകുളി കല്യാണം, കാതുകുത്ത്, വണ്ണാത്തിമാറ്റ്, മന്ത്രിച്ചുകെട്ടല്‍, ജപിച്ചൂതല്‍, കുടഞ്ഞുകുളി, പുല, വാലായ്മ, ബലിയിടല്‍, ചാവ്, ചാത്തം, ഭണ്ഡാരം തുടങ്ങിയ ആചാരങ്ങളും, പതിവുകളും കാലത്തിന്റെ കുത്തൊഴുക്കില്‍ പൊലിമയും പങ്കാളിത്തവും നഷ്ടപ്പെട്ട് മൃതപ്രായമായിരിക്കുന്നു. കാവുകളായി ബന്ധപ്പെട്ട് തീയരുടെ ഇടയില്‍ നിലനിന്നിരുന്ന തറയില്‍ കാരണവര്‍, സ്ഥാനീയര്‍ തുടങ്ങിയ സ്ഥാനങ്ങളും അനുഷ്ഠാനപ്രവര്ത്തനങ്ങളും അപ്രത്യക്ഷമായി. ദേശീയ കര്‍ഷകപ്രസ്ഥാനങ്ങളുടെ മുന്നറ്റം ഈ ഗ്രാമത്തിലും ചില ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. അയിത്തത്തിനും, അടിമത്തത്തിനും, ജന്മിത്തത്തിനും എതിരെ നടന്ന തലക്കെട്ട് സമരം, പിടിവിറക് സമരം എന്നിവ എടുത്തു പറയത്തക്കതാണ്. മുട്ടിനു താഴെ മറച്ച് മുണ്ടുടുക്കുവാനും, തലയില്‍ തോര്‍ത്ത് കെട്ടുവാനുമുള്ള താഴ്ന്ന ജാതിക്കാരുടെ അവകാശം നിഷേധിച്ച ജന്മി വര്‍ഗ്ഗത്തിനെതിരായി, മുണ്ട് തലയില്‍ കെട്ടിയ സമരം കര്‍ഷകപ്രസ്ഥാനങ്ങളുടെ മുന്നറ്റത്തിന് സഹായിച്ച ഘടകങ്ങളിലൊന്നായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കള്ളുഷാപ്പ് പിക്കറ്റിംഗ് സമരം, മഹാന് കുട്ട്യപ്പ നമ്പ്യാരുടെ നേതൃത്വത്തില്‍ ഇവിടെ നടന്നിരുന്നു. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂള് ചാലോടാണ് നിലവില്‍ വന്നതെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍ പ്രസ്തുത സ്ക്കൂള് ഇന്ന് നിലവില്ല. മലബാര്‍ ഡിസ്ട്രിക്റ്റ്് ബോര്‍ഡിന്റെ കീഴില്‍ എടയന്നൂര്‍ എലിമെന്ററി സ്ക്കൂള് 1905-ല്‍ പ്രവര്‍ത്തനം തുടങ്ങി. 1956-ല്‍ ഇത് ഹയര്‍ എലിമെന്റ്റി സ്ക്കുളാക്കി ഉയര്‍ത്തി. ആ വര്‍ഷത്തില്‍ തന്നെ എടയന്നൂര്‍ ദാനാക്കീല് സ്ക്കൂള് തെരൂര്‍ ഹയര്‍ എലിമെന്റ്റി സ്ക്കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. 1934-ല്‍ സ്ഥാപിച്ച ബോയ്സ് സ്ക്കൂളും, ഗേള്‍സ് സ്ക്കൂളും ആണ് ഇന്നത്തെ കാനാട് എല്‍.പി.സ്ക്കൂളായി മാറിയത്. 1959-ലാണ് കീഴല്ലൂരില്‍ ഒരു യു.പി.സ്ക്കൂള് സ്ഥാപിതമാവുന്നത്. 1929-ല്‍ കീഴല്ലൂര്‍ നോര്‍ത്ത് എല്‍.പി. സ്ക്കൂളും, പേരാവൂര്‍ ശ്രീരാമ വിലാസം സ്ക്കൂളും സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്രാനന്തര കാലഘട്ടത്തിനു മുമ്പുതന്നെ കീഴല്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ,കലാ,കായിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കലാരംഗത്ത് പേരെടുത്ത നാടകകൃത്തായ പാലയോട് കുഞ്ഞമ്പു വൈദ്യര് ആയുര്‍വേദ ചികിത്സാരംഗത്തും അഗ്രഗണ്യനായിരുന്നു. കൃഷ്ണന്‍നമ്പ്യാര്‍, നാരായണന്‍നമ്പ്യാര്‍, കുഞ്ഞുകണ്ണന്, ഗോവിന്ദന് എന്നിവര്‍ അക്കാലത്തെ പ്രധാന നാടകനടന്മാരായിരുന്നു. കല്ലിക്കണ്ടിമടപ്പുരയില് പൊക്കന്‍ ഗുരുക്കളുടേയും, കോരമ്പേത്ത് കുഞ്ഞിരാമന് ഗുരുക്കളുടെയും കീഴില്‍ അഭ്യസിച്ചിരുന്ന ഈ നടന്മാര് വേഷമിട്ട കഥാപാത്രങ്ങളുടെ പേരില്‍ പിന്നീട് അവര്‍ അറിയപ്പെട്ടു. പൂരക്കളി, കോല്‍ക്കളി സംഘങ്ങളും സമൂഹത്തെ കൂട്ടിയിണക്കിയ നാടന്‍ കലകളായിരുന്നു. തെയ്യം കലാകാരന്മാരായി പേരെടുത്ത കണ്ണന് പണിക്കര്‍, രാമന് പണിക്കര്‍, രാമൂട്ടി പണിക്കര്‍, ഞാലില്‍ രൈരു പെരുവണ്ണാന്, കുഞ്ഞിരാമന് പെരുവണ്ണാന്, കൃഷ്ണന് പെരുവണ്ണാന്, കണ്ണന് പെരുവണ്ണാന് തുടങ്ങിയവരുടെ തോറ്റം പാട്ടുകളും തെയ്യക്കോലങ്ങളും നാനാജനവിഭാഗങ്ങളേയും ആകര്‍ഷിച്ചിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അനൌപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും, 1947-ല്‍ സ്ഥാപിതമായ ചാലോട് പൊതുജനവായനശാല, 1953-ല്‍ തുടങ്ങിയ പെരാവൂരിലെ ഗ്രാമീണവായനശാല 1957-ല്‍ ആരംഭിച്ച കൊതേരി ദേശീയവായനശാല, വെള്ളിയാംപറമ്പ് ഗ്രാമീണവായനശാല, 1963-ല്‍ സ്ഥാപിച്ച കാനാട് വിവേകാനന്ദ വായനശാല എന്നിവയുടെ പ്രവര്ത്തനാരംഭത്തോടുകൂടിയാണ് ഗ്രന്ഥശാലാരംഗത്ത് ഒരു സംഘടിതരൂപം കൈവന്നത്. കലാകായിക രംഗങ്ങളില്‍ ഗണനീയമായ സംഭാവനകള്‍ നല്കാന് കീഴല്ലൂരിന് കഴിഞ്ഞിട്ടുണ്ട്. ഫൂട്ബോള്‍ കളിയിലൂടെ പ്രശസ്തനായ കെ.കെ ഭരതന് ചാലോട് ദേശീയ നിലവാരത്തില്‍ അംഗീകാരം നേടിയ നാഷണല്‍ റഫറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ആര്.കെ.കരുണാകരന്‍നമ്പ്യാര്‍, വാണിയംകണ്ടി രാജു, കീഴല്ലൂര്‍ കെ.കെ.ഗംഗാധരന് മാസ്റ്റര്‍ തുടങ്ങിയവര്‍ പേരെടുത്ത പഴയകാല വോളിബോള്‍ താരങ്ങളായിരുന്നു. പഴയകാല നാടന്‍ കളികളായ ആട്ടക്കളി, ഗോട്ടിക്കളി, സോഡിക്കളി, വരേക്കുത്ത് ഇട്ടികളി, കൊത്തന്കല്ലുകളി, നൊണ്ടികളി, നിരകളി, ഉള്ളികളി, ചതുരംഗം എന്നിവ ഈ ഗ്രാമത്തില്‍ സാര്‍വ്വത്രികമായി പ്രചാരത്തിലുണ്ടായിരുന്നു. അനുഷ്ഠാനത്തിന്റെ ഭാഗമായ തെയ്യങ്ങള്‍, കോല്‍ക്കളി, പൂരക്കളി, ദഫ്മുട്ട്, കളരിസംഘം എന്നിവയ്ക്കു സുദൃഢമായ വേരുകളുള്ള പഞ്ചായത്താണിത്. കാര്‍ഷിക ജോലിയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ഇടയില്‍ പ്രചരിച്ചിരുന്ന നാടന്‍പ്പാട്ടുകള്‍ ഇന്നു കേള്‍ക്കാനില്ല. എടയന്നൂര്‍ വോളിബോള്‍ ക്ലബ്ബ്, എളമ്പാറ വോളിബോള്‍ ക്ലബ്ബ്, എടയന്നൂര്‍ സഹൃദയവേദി, ചാത്തോത്ത് കളരിസംഘം, ചാലോട് വോളിബോള്‍ ക്ലബ്ബ് എന്നിവ പഴയ കാലത്ത് ഏറെ പ്രതാപത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്നു.