ബജറ്റ് റിപ്പോര്‍ട്ട് 2026-27

കേരള വികസനത്തിന്റെ മുഖമായജനകീയാസൂത്രണത്തിലൂടെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ താഴെത്തട്ടില്‍ ആസൂത്രണപരവും ധനപരവും ഭരണപരവുമായ വികേന്ദ്രീകരണം സാദ്ധ്യമായി. നിയമങ്ങളിലൂടെയും ഉത്തരവുകളിലൂടെയും അധികാരങ്ങൾ തദ്ദേശ സ്വയംഭര ണ സ്ഥാപനങ്ങൾക്ക് നൽകപ്പെടുകയും ധനപരമായ വികേന്ദ്രീകരണം ബജറ്റിന്റെ ഭാഗമായി നടപ്പിലാക്കുകയും ചെയ്തു . 

സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക് ഭരണഘടന നിഷ്ക്കർഷിക്കുന്ന അവകാശങ്ങൾ നൽകി അവരെ സംരക്ഷിച്ച് സാമൂഹ്യ പുരോഗതിക്കൊപ്പം എത്തിക്കുന്ന നയമാണ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് ചെയ്ത് പോന്നിട്ടുള്ളത്. ഇരുളടഞ്ഞ കാലഘട്ടത്തിൽ മാറ്റി നിർത്തപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വികസന ആസൂത്രണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കിയത് ജനകീയാസൂത്രണമാണ്. 

പ്രാദേശിക വികസനത്തിനാവശ്യമായ വിഭവങ്ങൾ മിക്കതും ലഭ്യമാകുന്നത് പ്രാദേശികതലത്തിൽ തന്നെയായിരിക്കും. അവയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെ ഗ്രാമപഞ്ചായത്തിന് സാധിക്കേണ്ടതുണ്ട് . 

ജനകീയാസൂത്രണത്തിന്റെ ഇരുപത്തി ഒമ്പത് വർഷത്തെ അനുഭവങ്ങൾ നമ്മൾ വിലയിരുത്തുകയുണ്ടായി. എല്ലാ മേഖലയിലും വലിയ മുന്നേറ്റം ഈ കാലയളവിൽ നമുക്ക് ഒരുക്കാനായിട്ടുണ്ടെങ്കിലും നമ്മുടെ ആവശ്യങ്ങളും സാധ്യതകളും ഇനിയുമേറെയാണ്. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടും ജനക്ഷേമം ഉറപ്പു വരുത്തിയും പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ കൈപിടിച്ചുയർത്താനും മണ്ണിനെയും പരിതസ്ഥിതിയെയും ജൈവവൈവിധ്യങ്ങളെയും സംരക്ഷിച്ചും നമ്മുടെ പരിമിതികളെ മറികടക്കാനുളള പരിശ്രമമാണ് നാം ലക്ഷ്യം വയ്ക്കുന്നത്.

ആസൂത്രണത്തിന്റെ തുടര്‍ച്ചയും ജനാധിപത്യത്തോടുള്ള ഗ്രാമപഞ്ചായത്തിന്റെ പ്രതിബദ്ധതയും തമ്മില്‍ ഇഴപിരിയാത്ത ബന്ധമുണ്ട്.ആസൂത്രണം എന്നത് നാടിന്റെ വികസന മുന്‍ഗണനകള്‍ ജനാധിപത്യപരമായി തീരുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. വികസന പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് വിശദമായ ചർച്ചക്ക് വിധേയമാക്കി സുതാര്യമായി നടപ്പിലാക്കുന്ന രീതിയാണ് ആസൂത്രണത്തെ പ്രസക്തമാക്കുന്നത്. കേരളത്തിലെ വികേന്ദ്രീ കരണത്തിന്റെ ഏറ്റവും സവിശേഷമായ ഘടകം സുതാര്യവും സമത്വവും മാനദണ്ഡങ്ങളിൽ അധിഷ്ഠതമായ ധനകാര്യ വികേന്ദ്രീകരണവുമാണ് . 

            പരിമിതമായ വിഭവങ്ങളും അപരിമിതമായ ആവശ്യങ്ങളുമാണ് വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ലഭ്യമായ വിഭവങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനുളള ആസൂത്രണമാണ് നമുക്ക് വേണ്ടത്.

കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്റെ 2026 -2027 സാമ്പത്തിക വർഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളാണ് ഈ ബജറ്റിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. ആവശ്യങ്ങളുടെ ബാഹുല്യം പരിഗണിക്കുമ്പോൾ വിഭവങ്ങൾ പരിമിതമാണെങ്കിലും സാമൂഹ്യനീതിയിലധിഷ്ഠി തമായ സാമ്പത്തിക വികസനം എന്ന ലക്ഷ്യസാക്ഷാത്കാരത്തോടൊപ്പം തന്നെ ഗ്രാമപഞ്ചായത്തിന്റെ അനിവാര്യവും പൊതുവായതുമായ ചുമതലകൾ ഫലപ്രദമായി നിറവേറ്റുന്നതിനുള്ള ബജറ്റ് രൂപീകരണത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്

സംസ്ഥാന ബജറ്റ് വിഹിതവും കേന്ദ്രസർക്കാർ അനുവദിക്കുന്ന ധനകാര്യകമ്മീഷൻ ഗ്രാന്റും മെയിന്റൻസ് ഗ്രാന്റും ഉൾപ്പെടെയുള്ള വിഹിതങ്ങൾ സർക്കാർ നിബന്ധനകൾക്ക് ഉള്ളിൽ നിന്ന് തന്നെ ചെലവഴിക്കേണ്ടതുണ്ട്എന്നിരുന്നാലും ഇവയുടെ നീതിയുക്തവും ഫലപ്രദവുമായ വിനിയോഗത്തിന് വഴിയൊരുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുടെ പൂർത്തീകരണമായി ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നു

            മേൽ തട്ട് പഞ്ചായത്ത് ഘടകങ്ങളുമായി ചേർന്ന് ഗ്രാമപഞ്ചായത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുളള സംയോജിത പദ്ധതികൾ തുടർന്നും നടത്തേണ്ടതുണ്ട്. സംയോജിത പദ്ധതികൾക്ക് പരസ്പരധാരണയോടെ മുൻകൂർ അനുമതികൾ ഉറപ്പു വരുത്തുന്നത് പദ്ധതി നിർവ്വഹണത്തിൽ ഗുണകരമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഏജൻസികളുമായി ചേർന്നും  പദ്ധതികൾ ആവിഷ്ക്കരിക്കുന്നതാണ്.

പഞ്ചവത്സരപദ്ധതികളേയും വാര്‍ഷിക പദ്ധതികളേയും ഉപയോഗിച്ച് ജനാഭിലാഷങ്ങളെ പദ്ധതികളും പരിപാടികളുമാക്കി മാറ്റിക്കൊണ്ട് പരിമിതമായ വിഭവങ്ങളെ ഉല്പാദനപരവും സാമൂഹ്യപുരോഗതിയ്ക്കുമായി മാറ്റിയെടുക്കുന്നതിന് ഈ ബഡ്ജറ്റ് ലക്ഷ്യം വെക്കുന്നു

സമൂഹത്തെ സജീവപങ്കാളിയാക്കിക്കൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍ വികസനകാര്യങ്ങളില്‍ ജനങ്ങളുടെ മുന്‍ഗണനകള്‍ വിലയിരുത്തുകയും അത് പദ്ധതികളായി പരിവര്‍ത്തനം ചെയ്യുന്നുവെന്നതും ഈ ബഡ്ജറ്റ്  ഉറപ്പുവരുത്തുന്നു.

ഭാവിതലമുറയുടെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിനെ അപകടപ്പെടുത്താതെ വർത്തമാനകാല ആവശ്യങ്ങൾ നിറവേറ്റിയാൽ മാത്രമേ വികസനം സുസ്ഥിരമായി കണക്കാക്കാൻ കഴിയൂ. ദീർഘകാല വികസന പരിപ്രേക്ഷ്യത്തിന് ആവശ്യമായിട്ടുള്ള അടിയന്തര പ്രധാന്യമുള്ള പ്രവർത്തനങ്ങളും നവീന ആശയങ്ങളും സമതുലിതമായി സംയോജിപ്പിച്ച് കൊണ്ടുള്ളതാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഈ ബജറ്റ്

 വികസനമെന്നാൽ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്റെ സാമ്പത്തികവും സംസ്കാരിക വുമായ അഭിവൃദ്ധിയാണ്. സമ്പത്തിന്റെ വർദ്ധനവ് മാത്രമല്ല , അതിന്റെ നീതി പൂർവ്വമായ വിതരണം കുടിയാണ് വികസനം എന്ന് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് ഈ ബഡ്ജറ്റ് അവതര ണത്തിലൂടെ ലക്ഷ്യം വെക്കുന്നു. 

കർമ്മനിരതരായ ജനപ്രതിനിധികളുടെയും സ്ഥിരോൽസാഹികളായ ജീവനക്കാരുടെയും ചിട്ടയായ പ്രവർത്തനങ്ങളും സാമ്പത്തിക അച്ചടക്കവും കൊണ്ട് പുരോഗതിയുടെ പാതകൾ താണ്ടി കൊണ്ടിരിക്കുന്ന കീഴല്ലൂർ പഞ്ചായത്തിന്റെ ഭാവി ഭാസുരമാക്കുന്നതിന് ഈ ബജറ്റ് നിദാനമാവട്ടെ. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ചുവടുപിടിച്ച് ജനങ്ങളുടെ ഭാവിയും നാടിൻറെ ഉന്നതിയും ഉറപ്പുവരുത്തി മുന്നോട്ടു പോകുന്നതിനുള്ള ആശയങ്ങൾ ഈ ബജറ്റിലൂടെ സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കുന്നു.

 

                                                                                    വിശ്വസ്തതയോടെ

                                                                                      ശ്രീ സി സജീവൻ 

                                                                                           പ്രസിഡണ്ട് 

കീഴല്ലൂർ ഗ്രാമപഞ്ചായത്ത്

  • ബജറ്റ് റിപ്പോര്‍ട്ട് 2026-27